ഗണിതലീല
– ശാസ്ത്രകേരളം 2022 സെപ്റ്റംബർ ലക്കത്തിൽ നിന്നും ചോദ്യം തയ്യാറാക്കിയത് ഉമേഷ് പി നരേന്ദ്രൻ
തലതിരിഞ്ഞ ചെക്ക്
ഇതൊരു പഴയ കഥയാണ്. അപ്പുമാഷ് കുട്ടിയായിരുന്ന കാലത്ത്. അന്ന് ഇന്നത്തെപ്പോലെ എ.ടി.എം. കാർഡൊന്നുമില്ല. രൂപാ കൈയിലില്ലെങ്കിൽ പണം കൊടുക്കാൻ ചെക്ക് മാത്രമാണ് മാർഗ്ഗം. അത് ബാങ്കിൽ കൊടുത്താൽ പണം കയ്യിൽ കിട്ടും. അപ്പു ഉൾപ്പെട്ട കുട്ടികളുടെ ടീമിന് ഒരു മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടി. എല്ലാവർക്കും അത് തുല്യമായി വീതിക്കാൻ കണക്കാ ക്കിയപ്പോൾ അതിൽ രൂപയും പൈസയുമുണ്ടായിരുന്നു. അപ്പുവിന് കിട്ടിയ ചെക്ക് ബാങ്കിൽ കൊണ്ടുപോയി പണം വാങ്ങി. കിട്ടിയ പൈസയിൽ നിന്ന് 5 പൈസ കയ്യിൽനിന്ന് തെന്നിവീണ് ഒരു കുഴിയിൽ പോയി. അപ്പുവിന് കുറച്ച് സങ്കടമൊക്കെ വന്നു.
5 പൈസകൊടുത്താൽ മൂന്ന് നാരങ്ങാ മിഠായി കിട്ടുന്ന കാലം. എങ്കിലും ബാക്കി പണവുമായി വീട്ടിൽ ചെന്നു. വീട്ടിൽ വന്ന് കണക്ക് കൂട്ടി നോക്കിയപ്പോൾ സമ്മാനം കിട്ടേണ്ടതിന്റെ കൃത്യം ഇരട്ടിപ്പണം ഇപ്പോൾ കൈയിലുണ്ടെന്ന് മനസ്സിലായി. ഇതെങ്ങനെ എന്നു പരിശോധിച്ചപ്പോഴാണ് മനസ്സിലായത്, ചെക്കിൽ രൂപയും പൈസയും മാറി എഴുതിയിരിക്കയാണ്. ഉദാഹരണമായി 27 രൂപ 45 പൈസ എന്നെഴുതുന്നതിനു പകരം 45 രൂപ 27 പൈസ എന്നാണെഴുതിയിരിക്കുന്നത്. അതിൽ നിന്ന് 5 പൈസ പോയപ്പോൾ, ലഭിക്കേണ്ട തുകയുടെ കൃത്യം ഇരട്ടിയായി. – ചെക്കിൽ എഴുതിയ തുക എത്രയായിരുന്നു?
നിങ്ങളുടെ ഉത്തരം ചുവടെ എഴുതൂ..