പാഴ് പുതുക്കം – The Upcycle Festival

2025 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് IRTC, ഹരിത സഹായ സ്ഥാപനം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയുടെ  സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി സംഘടിപ്പിക്കുന്ന ഒരു സവിശേഷ പരിപാടിയാണ് പാഴ്പുതുക്കം (#TheUpcycleFestival).


2025 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് IRTC, ഹരിത സഹായ സ്ഥാപനം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയുടെ  സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി സംഘടിപ്പിക്കുന്ന ഒരു സവിശേഷ പരിപാടിയാണ് പാഴ്പുതുക്കം (#TheUpcycleFestival). പാഴ്‌വസ്തുക്കളെ പുതുക്കി ഉപയോഗ്യമാക്കുന്ന (Upcycling) ആശയത്തെ അടിസ്ഥാനമാക്കി, 12 വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. പ്രദർശനങ്ങളും പ്രവർത്തന തെരുവും സ്കൂളുകളിൽ സജ്ജീകരിച്ച്, സുസ്ഥിര ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുന്ന ഈ ഉത്സവം പരിസ്ഥിതി അവബോധം വളർത്തുന്നതിന് പ്രചോദനമാകും.

2025-ലെ പരിസ്ഥിതിദിനം, “പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക” എന്ന ശക്തമായ സന്ദേശമാണ് മുന്നോട്ടുവെക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ (single-use plastics) ഉപയോഗം ഗണ്യമായി കുറയ്ക്കുക, പുനഃചംക്രമണ (recycling) സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ബയോഡിഗ്രേഡബിൾ, പരിസ്ഥിതി സൗഹൃദ ബദലുകൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വർഷത്തെ പ്രധാന ലക്ഷ്യങ്ങൾ. പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രങ്ങളിൽ അടിഞ്ഞുകൂടുന്നത് ജലജീവികളുടെ ആവാസവ്യവസ്ഥയെ തകർക്കുകയും, മൈക്രോപ്ലാസ്റ്റിക്കുകൾ ഭക്ഷ്യശൃംഖലയിലൂടെ മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യുന്നു. ലോകത്തെ 8 ബില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ഒരു വലിയ പങ്ക് ഇപ്പോഴും ലാൻഡ്‌ഫില്ലുകളിലോ സമുദ്രങ്ങളിലോ അവസാനിക്കുന്നു. ഇത് ജൈവവൈവിധ്യത്തിന് കനത്ത നാശം വരുത്തുന്നു. ഈ പരിസ്ഥിതിദിനം ലോകമെമ്പാടും വ്യക്തികൾ, സമൂഹങ്ങൾ, കോർപ്പറേറ്റുകൾ, സർക്കാരുകൾ എന്നിവർ ഒന്നിച്ച് പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ശാശ്വതമായ പരിഹാരങ്ങൾ നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുന്നു.

നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രായോഗികവും ലളിതവുമായ മാർഗങ്ങൾ സ്വീകരിക്കുക എന്നതാണ് 2025-ലെ പരിസ്ഥിതിദിനത്തിന്റെ പ്രധാന ആഹ്വാനം. പുനരുപയോഗിക്കാവുന്ന തുണി ബാഗുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് വാട്ടർ ബോട്ടിലുകൾ, ബയോഡിഗ്രേഡബിൾ പാക്കേജിംഗ് മെറ്റീരിയലുകൾ എന്നിവ ഉപയോഗിക്കുന്നത് പോലുള്ള ചെറിയ മാറ്റങ്ങൾ വലിയ പ്രതിഫലനം    ഉണ്ടാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബോധവൽക്കരണ പരിപാടികൾ നടത്തി പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം കുറയ്ക്കാനും മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയവും സുസ്ഥിരവുമായ രീതികൾ പ്രോത്സാഹിപ്പിക്കാനും നമുക്ക് കഴിയും. 2025-ലെ പരിസ്ഥിതിദിനം ഓരോ വ്യക്തിയുടെയും ചെറിയ പ്രവർത്തനങ്ങൾ ഒന്നിച്ച് ഒരു പ്ലാസ്റ്റിക്-രഹിത ഭാവിയിലേക്ക് നമ്മെ നയിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു.

“പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക” എന്ന സന്ദേശം, മാലിന്യ സംസ്കരണത്തിന്റെ പ്രധാന മാർഗ്ഗങ്ങളായ റിസൈക്കിൾ, റിയൂസ്, അപ്സൈക്കിൾ എന്നീ ആശയങ്ങൾക്ക് കൂടുതൽ പ്രസക്തി നൽകുന്നു. ഈ മൂന്ന് രീതികളും പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും വലിയ സംഭാവനകൾ നൽകുന്നു. 

പുനഃചംക്രമണം (Recycle): റിസൈക്കിൾ എന്നത് ഉപയോഗിച്ച മാലിന്യങ്ങൾ പ്രത്യേകിച്ച് പ്ലാസ്റ്റിക്, പേപ്പർ, ഗ്ലാസ്, ലോഹം തുടങ്ങിയവ പുതിയ ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ്. ഈ പ്രക്രിയയിൽ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുകയും, അവയെ സംസ്കരണ കേന്ദ്രങ്ങളിൽ എത്തിച്ച് പുനഃചംക്രമണം ചെയ്ത് പുതിയ വസ്തുക്കളാക്കി മാറ്റുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ ഉരുക്കി പുതിയ കുപ്പികളോ, തുണിത്തരങ്ങളോ നിർമ്മിക്കാം. റിസൈക്കിൾ ചെയ്യുന്നത് വിഭവങ്ങളുടെ പാഴാക്കൽ കുറയ്ക്കുകയും ലാൻഡ്‌ഫില്ലുകളിലേക്ക് എത്തുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും ഊർജ്ജ ഉപഭോഗം കുറച്ച് പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്നു.

 പുനരുപയോഗം (Reuse): റിയൂസ് എന്നത് ഒരു വസ്തുവിനെ അതിന്റെ യഥാർത്ഥ രൂപത്തിൽ, പുതിയ ഉൽപ്പന്നമാക്കി മാറ്റാതെ വീണ്ടും ഉപയോഗിക്കുന്ന രീതിയാണ്. ഉദാഹരണത്തിന് ഗ്ലാസ് കുപ്പികൾ, തുണി ബാഗുകൾ, അല്ലെങ്കിൽ പഴയ വസ്ത്രങ്ങൾ എന്നിവ വീണ്ടും വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. റിയൂസ് ചെയ്യുന്നതിലൂടെ പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കേണ്ട ആവശ്യം കുറയുന്നു. ഇത് വിഭവങ്ങളുടെ ഉപയോഗവും മാലിന്യ ഉൽപാദനവും കുറയ്ക്കുന്നതിലൂടെ പരിസ്ഥിതിയിലെ മാലിന്യഭാരം കുറയ്ക്കാനും വ്യക്തിഗത ചെലവുകൾ ലാഭിക്കാനും സഹായിക്കുന്നു.

പാഴ്‌പുതുക്കൽ (Upcycle): അപ്സൈക്കിൾ ഉപയോഗശൂന്യമായതോ അനാവശ്യമായതോ ആയ വസ്തുക്കളെ, അവയുടെ യഥാർത്ഥ രൂപം മാറ്റി, കൂടുതൽ മൂല്യമോ ഉപയോഗമോ ഉള്ള പുതിയ വസ്തുക്കളാക്കി മാറ്റുന്ന പ്രക്രിയയാണ്. ഉദാഹരണത്തിന്  ഉപയോഗിച്ച തുണിത്തരങ്ങൾ കൊണ്ട് ബാഗുകൾ അല്ലെങ്കിൽ കലാസൃഷ്ടികൾ ഉണ്ടാക്കുക. റിസൈക്കിളിംഗിൽ നിന്ന് വ്യത്യസ്തമായി, അപ്സൈക്കിൾ ചെയ്യുമ്പോൾ വസ്തുക്കൾ പലപ്പോഴും ഉയർന്ന മൂല്യമോ സൗന്ദര്യാത്മകമായ ഗുണമോ ഉള്ള ഉൽപ്പന്നങ്ങളായി മാറുന്നു. അപ്സൈക്കിളിംഗ് പരിസ്ഥിതി സംരക്ഷണത്തിന് വളരെ പ്രധാനപ്പെട്ട ഒരു ആശയമാണ്.  ഇത് മാലിന്യങ്ങൾ കുറയ്ക്കുക മാത്രമല്ല, വിഭവങ്ങളുടെ ഉപയോഗം കുറച്ച് സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പഴയ വസ്തുക്കൾക്ക് പുതിയ ജീവൻ നൽകുന്നതിലൂടെ അപ്സൈക്കിൾ സർഗ്ഗാത്മകതയും കലാപരമായ പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ വ്യക്തികളിലും സമൂഹങ്ങൾക്കും പരിസ്ഥിതി ബോധം വളർത്താനും പുതിയ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള ആവശ്യം കുറയ്ക്കാനും അപ്സൈക്കിളിംഗ് സഹായിക്കുന്നു.


 പ്രവര്‍ത്തനാശങ്ങൾ


പാഴ്പുതുക്കപ്പെരുന്നാൾ എങ്ങനെ ?

പാഴ്പുതുക്കപ്പെരുന്നാൾ ഒരു ജനകീയ അപ്സൈക്കിളിംഗ് ഉത്സവമാണ്. യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വ്യക്തിഗതമായോ ഗ്രൂപ്പുകളായോ പാഴ്‌വസ്തുക്കളെ ഉപയോഗിച്ച് സർഗാത്മകവും ഉപയോഗപ്രദവുമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാം. ഈ ഉൽപ്പന്നങ്ങൾ ഡിസൈൻ, ഫിനിഷിംഗ്, പ്രായോഗിക ഉപയോഗം, ഈട്, ഉപയോഗിച്ച മാലിന്യം വലിച്ചെറിഞ്ഞാൽ അല്ലെങ്കിൽ കത്തിച്ചാൽ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതത്തിന്റെ അളവ്, പരിസ്ഥിതി സൗഹൃദം എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടും. പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കപ്പെടുന്ന പാഴ്പുതുക്കപ്പെരുന്നാളിൽ  പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണ പരിപാടികൾ, വിദ്യാർഥികൾ നിർമിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനം, പാഴ്‌പുതുക്ക ഉൽപ്പന്നങ്ങളുടെ കൈമാറ്റം എന്നിവയുണ്ടാകും. 


സംഘാടനം 

IRTC-ഹരിത സഹായ സ്ഥാപനം, ശുചിത്വ മിഷൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ, ലുക്ക സയൻസ് പോർട്ടൽ, സയൻസ് കേരള,  തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എന്നിവയുടെ സഹകരണത്തോടെ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.    

സ്കൂളുകൾ ചെയ്യേണ്ടത്

  • പാഴ്‌വസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അപ്സൈക്കിളിംഗിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക.
  • പഴയ സാരികൾ, പുതപ്പുകൾ, പ്ലാസ്റ്റിക് കുപ്പികൾ, തകരാറായ എൽഇഡി ബൾബുകൾ, പേനകൾ, പുസ്തകങ്ങൾ, ശാരീരിക വൈകല്യ സഹായ ഉപകരണങ്ങൾ എന്നിവ സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്നതിനായി മാലിന്യ ശേഖരണ ഡ്രൈവ് നടത്തുക.
  • വിദ്യാർത്ഥികൾക്ക് അപ്സൈക്കിളിംഗ് പ്രവർത്തനങ്ങൾക്കുള്ള പരിശീലനം ഉറപ്പാക്കുക.
  • വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ സ്കൂൾ തലത്തിൽ പ്രദർശിപ്പിച്ചുകൊണ്ട് ഒരു പാഴ്‌പുതുക്കൽ തെരുവ് സംഘടിപ്പിക്കുക.

ഹരിത ക‍ര്‍മ്മസേന

  • കുട്ടികൾക്ക് അപ്സൈക്കിളിംഗ്, റീസൈക്കിളിംഗ് എന്നിവയ്ക്കാവശ്യമായ നിർദേശങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കുക.
  • പ്ലാസ്റ്റിക് വേർതിരിക്കാനും, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളും വിവിധ തരം പ്ലാസ്റ്റിക്കുകളും തിരിച്ചറിയാൻ കുട്ടികളെ പരിശീലിപ്പിക്കുക.
  • സമീപത്തെ MCF  സന്ദർശിക്കാനും പ്ലാസ്റ്റിക് തരംതിരിക്കുന്ന പ്രക്രിയ മനസ്സിലാക്കാനുമുള്ള അവസരങ്ങൾ ഒരുക്കുക.

മത്സരം

  • സ്കൂൾ തലത്തിൽ പാഴ്‌പുതുക്കൽ തെരുവുകൾ.
  • പഞ്ചായത്തുതലത്തിൽ പാഴ്‌പുതുക്കൽ പെരുന്നാൾ.

പരിശീലനം

IRTC-ഹരിത സഹായ സ്ഥാപനം, ശുചിത്വ മിഷൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ലുക്കാ സയൻസ് പോർട്ടൽ, ഹരിത കർമ്മ സേന