ഒറ്റച്ചോദ്യം
ശാസ്ത്രകേരളത്തിന്റെ എല്ലാ ലക്കത്തിലും ഒരു ചോദ്യം ഉണ്ടാവും. നിങ്ങളുടെ കൗതുകവും താല്പര്യവും ഉണർത്തുന്നത്. അതിന്റെ ഉത്തരം നിങ്ങൾ കണ്ടെത്തണം. ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ യുക്തിസഹമായി അവ വിശദീകരിച്ച് 200 വാക്കിൽ കവിയാതെ ‘ശാസ്ത്രകേരള’ത്തിനെഴുതാമോ? ഏറ്റവും നല്ല കുറിപ്പ് മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ്. വിദ്യാർത്ഥികൾ ഉൾപ്പടെ ആർക്കും പങ്കെടുക്കാം. സെപ്റ്റംബർ ലക്കത്തിലെ ചോദ്യം ചുവടെ
കോൺക്രീറ്റോ മരത്തടിയോ നല്ലത് ?
അനുഷയും പ്രത്യുഷയും സഹോദരങ്ങളാണ്. പരിസ്ഥിതി വിഷയങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും വ്യക്തിഗതമായി പാലിക്കേണ്ടവ സ്വന്തം വീട്ടിലും നടപ്പിലാക്കണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നവർ. വാടകവീട്ടിൽ കഴിയുന്ന അവരുടെ കുടുംബം പുതിയ വീട് നിർമിക്കാനുള്ള ഒരുക്കത്തിലാണ്. ആഗോളതാപനം മുഖ്യപരിസ്ഥിതിപ്രശ്നമായതിനാൽ മരങ്ങൾ സംരക്ഷിക്കുന്നതിലേക്കായി വീടിന്റെ വാതിലും ജനലുമെല്ലാം പരമാവധി മരത്തടി ഉപേക്ഷിച്ച് കോൺക്രീറ്റും ലോഹക്കമ്പികളും ഉപയോഗിച്ച് നിർമിക്കണമെന്ന് അനുഷ – പറയുന്നു. എന്നാൽ പ്രത്യുഷ അതേ കാര ണത്താൽ മരത്തടികൾ പരമാവധി ഉപയോഗിക്കണമെന്ന് വാദിക്കുന്നു. നിങ്ങൾ ആരുടെ പക്ഷത്ത് ? കാരണം വിശദീകരിച്ച് എഴുതാമോ? മികച്ച വിശദീകരണത്തിന് സമ്മാനമുണ്ട്.