- യു.പി. വിഭാഗം മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ മത്സരം.
- ഹരിതകർമ്മസേനയോടൊപ്പം എന്നതാണ് പ്രമേയം. ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ, അതിലൂടെ ഉണ്ടായ നേട്ടങ്ങൾ, സമൂഹത്തിന് ഉണ്ടായ മാറ്റങ്ങൾ, ഹരിത കർമ്മ സേനയോടുള്ള ജനങ്ങളുടെ മനോഭാവം ഒക്കെ വിഷയമാക്കാം.
- അപ്ലോഡ് ചെയ്യേണ്ട അവസാനതിയ്യതി : 2024 ജൂൺ 20
- സമൂഹ മാധ്യമങ്ങളിൽ പങ്കിടുമ്പോൾ #KrithiAtPrakrithi , #WED2024IRTC എന്നീ ടാഗുകൾ ഉപയോഗിക്കാം
#ഹരിതകർമ്മസേനയോടൊപ്പം
നമ്മുടെ വീട്ടിൽ എല്ലാമാസവും മുടങ്ങാതെ എത്തുന്ന രണ്ടു പേരുണ്ട്. ആരെന്ന് പറയാമോ? ഹരിത കർമ്മ സേന. നിങ്ങളുടെ അമ്മമാരുടേയോ അമ്മൂമ്മമാരുടേയോ പ്രായമുണ്ടാകും അവർക്ക്. നമ്മൾ വീടുകളിൽ എത്തപ്പെടുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വാതിൽപ്പടി സേവനം നടത്താൻ ചുമതലപ്പെട്ടവരാണ് ഹരിത കർമ്മ സേന അംഗങ്ങൾ. ഇന്ന് കേരളത്തിൽ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും (941) നഗരസഭകളിലും (87) കോർപ്പറേഷനുകളിലുമായി (6) 35,000 – ത്തോളം ഹരിത കർമ്മ സേന അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ലോകത്തെമ്പാടും മാലിന്യം ഇന്ന് വലിയ ആരോഗ്യ – പാരിസ്ഥിതിക പ്രശ്‌നമായിട്ടുണ്ട്.നമ്മൾ ഉണ്ടാക്കുന്ന മാലിന്യം നമ്മുടെ ഉത്തരവാദിത്വത്തിൽ സംസ്കരിക്കാൻ നമുക്ക് ബാധ്യതയുണ്ട്. പക്ഷേ അങ്ങനെയാണോ നമ്മൾ ചെയ്യുന്നത്.അങ്ങനെയെങ്കിൽ നമ്മുടെ തെരുവിലും പുഴയിലും കടലിലുമൊന്നും മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുകയില്ലാരുന്നു അല്ലേ.
മാലിന്യങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം. ജൈവമാലിന്യവും അജൈവ മാലിന്യവും. ജൈവ മാലിന്യം ഉറവിടങ്ങളിൽ തന്നെ ശാസ്ത്രീയമായി സംസ്കരിക്കണം. അജൈവ മാലിന്യങ്ങൾ അങ്ങനെ സംസ്കരിക്കുക സാധ്യമല്ല. അത് ശേഖരിക്കാനാണ് ഹരിത കർമ്മ സേനയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. നമ്മുടെ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും (ഇവയെ പൊതുവെ വിളിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നാണ് ) നിരവധി ചുമതലകൾ നിർവ്വഹിക്കാനുണ്ട്. അനിവാര്യ ചുമതലകൾ, പൊതു ചുമതലകൾ, മേഖലാ ചുമതല എന്നിങ്ങനെ ചുമതലകള തരംതിരിച്ചിട്ടുണ്ട്.ഇതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയിൽപ്പെട്ടതാണ് മാലിന്യ പരിപാലനം. ആ ചുമതല നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായാണ് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഹരിത കർമ്മസേനയെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
നമ്മൾ ഉല്പാദിപ്പിച്ച മാലിന്യം നമ്മുടെ ഉത്തരവാദിത്വമായതോടെ അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുമ്പോൾ യൂസർ ഫീ നൽകണം. ഗ്രാമതലത്തിൽ ഇത് പ്രതിമാസം 50 രൂപയും നഗരപ്രദേശങ്ങളിൽ 70 രൂപയുമാണ്. ഈ തുക ഹരിത കർമ്മ സേനയുടെ സേവനത്തിനുള്ള പ്രതിഫലതുകയാണ്. ഇതാണ് ഇവരുടെ ഏക വരുമാനവും.ഇങ്ങനെ യൂസർ ഫീ നൽകണമെന്ന് 2016-ലെ കേന്ദ്ര ഖരമാലിന്യ പരിപാലന ചട്ടത്തിലും, സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലും പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഹരിത കർമ്മ സേനയ്ക്ക് പാഴ് വസ്തുക്കൾ കൈമാറുകയും യൂസർ ഫീ നൽകുകയും ചെയ്തില്ലങ്കിൽ ശിക്ഷ ലഭിക്കും.
നമ്മുടെ വീട്ടിലെ എല്ലാത്തരം അജൈവ മാലിന്യങ്ങളും ഹരിത കർമ്മ സേന ശേഖരിക്കും എന്നു പറഞ്ഞുവല്ലോ?. ശേഖരിച്ച മാലിന്യങ്ങൾ ഇവർ എന്തു ചെയ്യുന്നു എന്നു കൂട്ടുകാർക്ക് അറിയുമോ? നിങ്ങളുടെ പ്രദേശത്ത് മിനി എം.സി.എഫ് എന്ന പേരിൽ പ്ലാസ്റ്റിക് സൂക്ഷിച്ചു വെയ്ക്കുന്ന കൂടുകൾ കണ്ടിട്ടുണ്ടോ.വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം ഇവിടെയാണ് താല്കാലികമായി സൂക്ഷിച്ചു വെയ്ക്കുന്നത്.ഇവിടെ നിന്നും പ്രധാന MCF (Material Collection Facility Center)ലേക്ക് മാറ്റുന്നു.അവിടെ വെച്ച് ഇവയെ പല ഇനങ്ങളായി തരം തിരിക്കുന്നു.ഇങ്ങനെ തരം തിരിക്കുന്ന (Segregate) പ്ലാസ്റ്റിക്കും മറ്റു അജൈവ മാലിന്യങ്ങളും റീസൈക്കിളിംഗ് കേന്ദ്രങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു. നോക്കൂ, ഹരിത കർമ്മ സേന പ്രവർത്തനം എത്രമാത്രം കഷ്ടപ്പാടുകൾ നിറഞ്ഞതാണ്.
ഒരു വർഷം ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കിനെ കണക്കു മാത്രം കേട്ടാൽ നമ്മൾ അത്ഭുതപ്പെടും. ഏകദേശം 60000 -75000 ടണ്ണിലേറെ വരും. ഇത്രയും പ്ലാസ്റ്റിക് ഹരിത കർമ്മ സേന വഴി ശേഖരിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ എന്തായിരിക്കും സംഭവിക്കുക? ഇവ ഒന്നുകിൽ നമ്മുടെ മണ്ണിലേക്കെത്തും അല്ലെങ്കിൽ പുഴകൾ അടക്കമുള്ള ജലാശയങ്ങളിൽ. കടലിലേക്ക് എത്തുന്നത് എത്രയെന്ന് കണക്കില്ല. മറ്റു ചിലർ ഇത് കത്തിക്കും. അത് അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മലിനീകരണം ചില്ലറയായിരിക്കില്ലല്ലോ.
യഥാർത്ഥത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ അളവ് ഇതിലും എത്രയോ മടങ്ങാണ്.(ഒരു വീട്ടിൽ ഒരു വർഷം ഉല്പാദിപ്പിക്കപ്പെടുന്ന അജൈവത്തിൻ്റെ അളവ് 19.2 കിലോഗ്രാമാണ്. കേരളത്തിൽ 60 ലക്ഷം വീടുകളുണ്ട് എന്നു കണക്കാക്കിയാൽ തന്നെ 115200 ടൺ ആണ് പ്ലാസ്റ്റിക് മാലിന്യം.വീടുകളുടെ മാത്രം കണക്കാണിത്. വ്യാപാര സ്ഥാപനങ്ങളിലെ മറ്റും കണക്കാക്കിയാൽ എത്രയോ ടൺ പ്ലാസ്റ്റിക് വരും.
ഇങ്ങനെ വലിയ സാമൂഹ്യ സേവനം ചെയ്യുന്നവരാണ് നമ്മുടെ ഹരിത കർമ്മ സേന. അതു മനസ്സിലാക്കാതെ അവരെ ആക്ഷേപിക്കുകയും അപഹസിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്യുന്ന നിരവധി പേർ നമ്മുടെ സമൂഹത്തിലുണ്ട്. നിങ്ങൾ കുട്ടികൾ ഇവരുടെ മഹത്വം മനസ്സിലാക്കണം. ഇവരെ അടുത്തറിയണം.ഇവരുടെ പ്രവർത്തനം എല്ലാവരേയും അറിയിക്കണം.
നാടിൻ്റെ ശുചിത്വ മാലാഖമാരായി ഇവരെ സമൂഹ മദ്ധ്യത്തിൽ അവതരിപ്പിക്കണം.അതിനുള്ള അവസരം ഇതാ എത്തിയിരിക്കുന്നു. നിങ്ങളുടെ അടുത്തുള്ള ഹരിത കർമ്മ സേനയെ കുറിച്ച് ഒരു ചെറു വീഡിയോ/റീൽസ് തയ്യാറാക്കൂ. ഹരിത സഹായ സ്ഥാപനമായ IRTCലൂക്കയും ചേർന്നു നടത്തുന്ന കൃതി @ പ്രകൃതി എന്ന ഓൺലൈൻ മത്സരത്തിനായി അയച്ചുതരൂ.