തുമ്പ- ശാസ്ത്രീയനാമം : Leucas aspera (Willd.) Link കുടുംബം: Lamiaceae
തമിഴിൽ തുമ്പൈ എന്നും കന്നടത്തിൽ തുമ്പക്കുടമെന്നും തെലുങ്ക് ഭാഷയിൽ തുമ്പച്ചെട്ടു എന്നും അറിയപ്പെടുന്നു. മറാഠിയുൽ താമ്പ എന്നും കൊങ്ങിണിയിൽ തുംബോ എന്നും അറിയപ്പെടൂന്ന ഈ ചെടിയുടെ ഹിന്ദി നാമം ചോട്ടാ ഹൽകുശ, ഗോദഫാ എന്നൊക്കെയാണ്. സംസ്കൃതഭാഷയിൽ ദ്രോണപുഷ്പി എന്നു അറിയപ്പെടുന്നു.
30-60 സെ.മീ ഉയരത്തിൽ നിവർന്നു വളരുന്ന ഔഷധിയാണ് ഇത്. സസ്യത്തിലുടനീളം രോമങ്ങൾ കാണപ്പെടുന്നു. എന്നാൽ ഇത് ചർമ്മത്തിന് ചോറിച്ചിൽ ഉണ്ടാക്കുന്നവയല്ല. ഇലകൾക്ക് 3-6 സെ.മീ നീളവും 1-4 സെ.മീ വീതിയും ഉണ്ടാകും, ഇലയുടെ അഗ്രം കൂർത്തതാണ്. അടിഭാഗം രോമിലവും. തണ്ടിൽ സമ്മുഖമായോ വർത്തുളമായോ ഇലകൾ വിന്യസിച്ചിരിക്കുന്നു. പുഷ്പങ്ങൾ ശിഖരാഗ്രങ്ങളിലോ സമ്മുഖപത്രങ്ങളുടെ കക്ഷത്തിലോ ആണ് കുലകളായി കാണപ്പെടുന്നു. പുഷ്പത്തിൽ ഒരു സുഗന്ധദ്രവ്യവും ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു. ഇലയിൽ ഗ്ലൂക്കോസൈഡ് ഉണ്ട്, ഇത് അണുനാശിനിയായി വർത്തിക്കുന്നു. കർക്കിടമാസത്തിൽ നന്നായി വളരുന്ന തുമ്പ ഓണമാകുന്നതോടെ പൂക്കാൻ തുടങ്ങുന്നു.