ആഹാരയോഗ്യമായതും “സൊലനേസീ” (Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് വഴുതന. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ ബ്രിഞ്‌ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു. പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു. ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണഗതിയിൽ ഇത് 40 മുതൽ 150 സെന്റീമീറ്റർ (16 to 57 ഇഞ്ച്) ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലകൾക്ക് 10 മുതൽ 20 സെന്റീമീറ്റർ (4–8 ഇഞ്ച്) വരെ നീളവും 5 മുതൽ 10 സെന്റീമീറ്റർ (2–4 ഇഞ്ച്) വരെ വീതിയുമുള്ളതാണ്. ഇതിന്റെ പൂക്കൾ വെളുപ്പ് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ളതും പഴം വളരെ മാംസളമായതുമാണ്.
തമിഴിലും, കേരളത്തിൽ ചിലയിടത്തും “കത്തിരിക്ക” എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ ‘വഴുതനങ്ങ’ എന്നും ഗോളാകൃതിയിലുള്ളവയെ ‘കത്തിരിക്ക (കത്രിക്ക)’ എന്നും വിളിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും ആണ് ഇതിന്റെ ജന്മദേശങ്ങൾ. വഴുതന ചെടികളുടെ കായ്കൾക്ക് കോഴിമുട്ടയോട് സാമ്യമുള്ളതിനാൽ മുട്ടച്ചെടി എന്നും ഇത് അറിയപ്പെടുന്നു.