ആഗോളപ്രചാരം നേടിയ പഴമാണ് ആപ്പിള്‍. ജന്മദേശം ഏഷ്യയാണത്രെ. Malus domestica എന്നാണ് വൃക്ഷത്തിന്‍റെ ശാസ്ത്രനാമം. ലോകത്തിലേറ്റവും കൃഷിചെയ്യപ്പെടുന്ന പഴവിളകളിലൊന്നാണിത്. നാഡീകേന്ദ്രങ്ങളെ ഉത്തേജിപ്പിക്കാനുള്ള ശേഷിയുണ്ട് പഴങ്ങള്‍ക്ക്. അന്നജം, മാംസ്യം, ജീവകങ്ങള്‍, ധാതുക്കള്‍, ജലാംശം എന്നിവയാല്‍ സമ്പുഷ്ടമാണ് ആപ്പിളുകള്‍. ഒരു ഇലപൊഴിയുംവൃക്ഷമായ ആപ്പിള്‍ച്ചെടിയുടെ സാന്നിധ്യം ഇന്ത്യയില്‍ പലയിടത്തുമുണ്ട്. ആന്‍റി ഓക്സിഡന്‍റുകളും, ഫൈബറുകളും ധാരാളമടങ്ങിയിരിക്കുന്നു.
വിളവെടുക്കുന്ന ആപ്പിളിന്റെ തൊലിയിൽ പ്രകൃത്യദത്തമായി മെഴുകിന്റെ ആവരണം കാണാവുന്നതാണ്. ആപ്പിളിന്റെ ഭാരം കുറയാതിരിക്കാനും ആപ്പിൾ ചുരുങ്ങിപോകാതിരിക്കാനും ഇത്തരം മെഴുകിന്റെ ആവരണം അത്യാവശ്യമാണ്. ആപ്പിളിന്റെ ശുചികരണത്തിന്റെ ഭാഗമായി തുടയ്ക്കുകയും കഴുകുകയും ചെയ്യുമ്പോൾ പ്രകൃത്യാലുള്ള മെഴുകിന്റെ ആവരണത്തിന്റെ പകുതിയും നഷ്ടപ്പെടുന്നു. അതിനാൽ പ്രകൃതിദത്തമായ മെഴുകുകൾ ആപ്പിളിൽ പുരട്ടുന്നത് ആപ്പിളിന്റെ തിളക്കം വർദ്ധിപ്പിക്കുകയും കൂടുതൽ കാലം നീണ്ടുനിൽക്കാനും സഹായിക്കുന്നു. സാധാരണയായി ആപ്പിളുകളിൽ ഉപയോഗിക്കുന്ന മെഴുകുകളാണ് കാനുബ വാക്സും (canauba wax) ഷെല്ലാകും (shellac.)