പെരുകിലം/വട്ടപ്പലം/വട്ടപ്പിലാവ്/വട്ടപ്പെരുകിലം/വട്ടപ്പെരുക് എന്നൊക്കെ പേര്. ശാസ്ത്രീയനാമം : Clerodendrum infortunatum L. കുടുംബം : Lamiaceae ഇംഗ്ലീഷ് : Hill glory Bower
കേരളത്തിൽ വളരെ സാധാരണമായ സസ്യങ്ങളിലൊന്നാണ്. പൂക്കൾ ധാരാളം ശലഭങ്ങളെ ആകർഷിക്കുന്നു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് പൂക്കാലം. എങ്കിലും മിക്ക മാസങ്ങളിലും പൂക്കൾ കാണാൻ സാധിക്കും. ഏകദേശം 2 മീറ്റർ വരെ ശാഖോപശാഖകളായി വളരുന്ന ഒരു സസ്യമാണിത്. ശിഖരങ്ങൾക്ക് ഏകദേശം ചതുരാകൃതിയാണുള്ളത്. ഹൃദയാകൃതിയിലുള്ള ഇലകൾ വലുതും നനുത്തരോമാവൃതം ആയതും ഏകദേശം 10 സെന്റീമീറ്റർ മുതൽ 25 സെന്റീമീറ്റർ വരെ വിസ്താരമുള്ളതുമാണ്. പൂക്കൾ മധ്യഭാഗം പിങ്ക് നിറത്തോടെ വെളുത്ത നിറത്തിൽ കാണപ്പെടുന്നു. കായ്കൾ ഗോളാകൃതിയുള്ളവയും പാകമാകുമ്പോൾ ഏകദേശം കറുത്ത നിറത്തിലുള്ളവയുമാണ്.