ഇന്ത്യയിലെ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവർഗ്ഗത്തിൽ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ് ചേനയുടെ കാണ്ഡത്തിൽ നിന്നും ഒരു തണ്ട് മാത്രം വളർന്ന് ശരാശരി 75 സെ.മീ. മുതൽ നീളത്തിൽ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വളർച്ച പൂർത്തിയാകുമ്പോൾ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ഏകദേശം 25 മുതൽ 30 സെ.മീ. ഉയരത്തിൽ വളരുകയും ചെയ്യും. മഞ്ഞ നിറത്തിലുള്ള പൂവിന്റെ അറ്റത്ത് തവിട്ട് നിറം കാണപ്പെടുന്നു. ചേന പാകമാകുമ്പോൾ തിളക്കമാർന്ന ചുവപ്പ് കലർന്ന നിറത്തിലായിരിക്കും പൂവ് കാണപ്പെടുക.Elephant Foot Yam എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്നു.
മലയാളികളുടെ ആഹാരത്തിൽ ചേനയുടെ സ്വാധീനം വളരെ വലുതാണ്. സദ്യയിലെ വിഭവങ്ങളുണ്ടാക്കാൻ ചേന ഉപയോഗിക്കുന്നു. സാമ്പാർ,അവിയൽ, എരിശ്ശേരി, മെഴുക്ക്പുരട്ടി, കാളൻ, മൊളോഷ്യം എന്നിങ്ങനെ സ്വാദിഷ്ഠമായ കറികളിലേയും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചേന.
25 മുതൽ 35 ഡിഗ്രി വരെ ചൂടുള്ള പ്രദേശങ്ങളിൽ ചേന കൃഷി ചെയ്തു വരുന്നു. വിത്ത് നട്ട് 6-7 മാസം കൊണ്ട് ചേന വിളവെടുക്കുവാനാകും. വിളഞ്ഞ്, ഇലയും തണ്ടും വാടി ഉണങ്ങിയ ചെടികളിൽ നിന്നാണ് വിത്തു ചേന ലഭിക്കുന്നത്. ചേനയുടെ തണ്ട് നിന്ന ഭാഗത്തെ ശീർഷമായി കരുതി എല്ലാ വശങ്ങൾക്കും ഒരു ചാൺ നീളമുള്ള ത്രികോണാകൃതിയിൽ മുറിച്ച കഷ്ണമാണ് നടീൽ വസ്തു. പരമ്പരാഗതമായി ഈ കഷ്ണങ്ങൾ ചാണക ലായനിയിൽ മുക്കി (ഇപ്പോൾ കീടനാശിനികളിലും) ഒരാഴ്ച വെയിലത്ത് ഉണക്കുന്നു. സാധാരണയായി മകര മാസത്തിലാണ് (ഫെബ്രുവരി) നടീൽ. അര മീറ്റർ സമചതുരക്കുഴികളിൽ ജൈവ വളങ്ങളും കരിയിലയും പകുതി നിറച്ച് അതിന്മേൽ വിത്ത് പാകി ബാക്കി ഭാഗം വളവും കരിയിലയും നിറയ്ക്കുന്നു. മുകളിൽ പതിനഞ്ച് സെ മി ഘനത്തിൽ മണ്ണ് വിരിക്കുന്നു. വിത്ത് പാകി 30 – 40 ദിവസങ്ങൾക്കകം ഇല വിരിക്കുന്നു. രണ്ട് കുഴികൾ തമ്മിൽ 90 – 100 സെ മി അകലം ഉണ്ടായിരിക്കണം. എല്ലാ 60ആം ദിവസവും വളം ചെയ്യുകയും മണ്ണ് തണ്ടിനോടു ചേർത്ത് കൂട്ടുകയും ചെയ്യുന്നു. ജലസേചനം വളരെ ആവശ്യമുള്ള കൃഷിയാണ് ചേന.