62. സാധ്യത കൂടുമോ ?

“മേശപ്പുറത്ത് 3 ഗ്ലാസുകൾ കമഴ്ത്തി വെച്ചിരിക്കുന്നു. അതിലൊരു ഗ്ലാസ്സിനടിയിൽ മിഠായിയുണ്ട്. ഏതിന്നടിയിലാണെന്ന് കൃത്യമായി പറയുന്നവർക്ക് മിഠായി തരും.”

“ഇതു വെറുതേ ഭാഗ്യ പരീക്ഷണമല്ലേ? ഇതിന് യുക്തിയും ബുദ്ധിയുമൊന്നും വേണ്ട.’

“ഇപ്പോഴത്തെ നിലയ്ക്ക് വേണ്ട. പക്ഷേ ചോദ്യം മുഴുവനായില്ല. ആദ്യം മിഠായിയുള്ള ഗ്ലാസ് തിരഞ്ഞെടുക്കൂ.”

“ശരി. ഇതാ തെരഞ്ഞെടുത്തു.”

“നന്നായി. ഈ ഗ്ലാസ് തിരഞ്ഞെടുത്തിരുന്നെങ്കിൽ കഷ്ടമായേനേ. കാരണം, ഇതാ നോക്കൂ ഇതിനടിയിൽ ഒന്നുമില്ല . ശരി. ഇപ്പോൾ തിരഞ്ഞെടുപ്പിൽ മാറ്റം വരുത്തണമെന്ന് തോന്നുന്നുണ്ടോ?” .

മാറ്റണോ? അതു കൊണ്ട് മിഠായി ഉണ്ടായിരുന്ന ഗ്ലാസ് തിരഞ്ഞെടുക്കപ്പെടാനുള്ള സാദ്ധ്യത കൂടുമോ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: അജീഷ് കെ ബാബു

 

ഗ്ലാസ് മാറ്റി തിരഞ്ഞെടുക്കുന്നതാണ് മിഠായി കിട്ടാൻ നല്ലത്.

ആദ്യം തെരഞ്ഞെടുക്കുന്നത് ശരിയായ ഗ്ലാസാകാനുള്ള സാദ്ധ്യത മൂന്നിലൊന്നാണ്. കാരണം, ഏത് ഗ്ലാസിനടിയിലാണ് മിഠായി എന്നതിനെപ്പറ്റി നമുക്ക് ഒരു ധാരണയുമില്ല. എന്നാൽ, രണ്ടാമത്തെ തെരഞ്ഞെടുപ്പ് അങ്ങനെയല്ല. അപ്പോഴേക്കും, ഉയർത്തിക്കാട്ടപ്പെട്ട ഗ്ലാസിനടിയിൽ, മിഠായി ഇല്ലായിരുന്നു എന്ന് നമ്മൾ അറിഞ്ഞു കഴിഞ്ഞു. ആ ഗ്ലാസിനടിയിൽ മിഠായി ഉണ്ടാകാനുള്ള സാദ്ധ്യത പൂജ്യമായി മാറി എന്നു പറയാം. എല്ലാ ഗ്ലാസുകൾക്കടിയിലെയും മിഠായി ഉണ്ടാകാനുള്ള സാദ്ധ്യതകൾ ചേർന്നാൽ ഒന്നാകണമെന്നുള്ളതു കൊണ്ട്, ഇതോടെ, അവശേഷിക്കുന്ന ഗ്ലാസിനടിയിൽ മിഠായി ഉണ്ടാകാനുള്ള സാദ്ധ്യത മൂന്നിൽ രണ്ടാകുന്നു.

മോണ്ടി ഹാൾ പ്രശ്നം എന്ന പേരിൽ പ്രസിദ്ധമായ ഒരു പസിലിന്റെ അഡാപ്റ്റേഷനായിരുന്നു ഈ ചോദ്യം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: