34. ചോക്കും പെട്ടിയും

കണക്കുമാഷന്മാർ ഇത്ര കണിശക്കാരായിരിക്കുമോ? ഏതായാലും കേശവൻ മാഷ് അങ്ങിനെയാണ്. വരയ്ക്കുന്നത് കളർ ചോക്കു കൊണ്ടായിരിക്കണം. എഴുതുന്നത് വെള്ള ചോക്കു കൊണ്ടും. മാഷിന്റെ ഒരു നിർബന്ധമാണത്. വെള്ള ചോക്കും കളർ ചോക്കും വേറെ വേറെ പെട്ടികളിൽ വയ്ക്കുകയും വേണം. മാഷ് ഒരാഴ്ച ലീവായിരുന്നപ്പോഴാണ് ഒക്കെ തെറ്റിയത്. ഈ വക ചിട്ടകളിൽ വിശ്വാസമില്ലാത്ത ആരോ ചോക്കുകളെല്ലാം കൂടി ഒരു പെട്ടിയിലാക്കി. ലീവ് കഴിഞ്ഞെത്തിയ മാഷ് ആദ്യം ചെയ്തത് ചോക്കിന്റെ കാര്യം നേരെയാക്കലാണ്. അതിനും വേണമല്ലോ ഒരു ചിട്ട. വെള്ള, കളർ, മിശ്രിതം എന്നിങ്ങനെ മൂന്നു ലേബലുകൾ തയ്യാറാക്കി. രണ്ട് കാലി പെട്ടികൾ സംഘടിപ്പിച്ച് മാഷ് ചോക്കുകൾ തരം തിരിക്കാൻ തുടങ്ങി. പക്ഷേ പണി തീരും മുൻപ് ബെല്ലടിച്ചു. ലേബലുകൾ ഒട്ടിച്ചു വെയ്ക്കാൻ പൗലോസ് ചേട്ടനോട് പറഞ്ഞിട്ട് മാഷ് ക്ലാസ്സിൽ പോയി.

പൗലോസ് ചേട്ടനുമുണ്ട് ചില ചിട്ടകളൊക്കെ. ഒരു കാര്യവും ശരിയായി ചെയ്യില്ല എന്നതാണ് അതിലൊന്ന്. ഒരു ലേബലും ശരിയായ പെട്ടിയിലല്ല എന്നുറപ്പുവരുത്തിയാണ് പൗലോസ് ചേട്ടൻ അവ ഒട്ടിച്ചത്. ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ. മാഷ്ക്കും അറിയാം പൗലോസ് ചേട്ടനെ. അതു കൊണ്ടു തന്നെ തിരിച്ചെത്തിയ കേശവൻ മാഷ് പൊട്ടിത്തെറിച്ചൊന്നുമില്ല. പക്ഷേ മാഷ് ഒരു ചോദ്യം ചോദിച്ചു. “ഇവയിൽ ഏതെങ്കിലും ഒരു പെട്ടിയിൽ നിന്ന് ഒരു ചോക്കു മാത്രം എടുത്ത് നോക്കിയിട്ട് ലേബലുകൾ ഇളക്കി ശരിയായി ഒട്ടിക്കാമോ?’ ഒട്ടിക്കാമോ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: അജീഷ് കെ ബാബു, സുധീഷ് കെ, ആദിത്യ പി.എസ്

 

പെട്ടികളിലെല്ലാം തെറ്റായ ലേബലുണ്ട്. അതിനാൽ, പെട്ടികളിൽ എന്താണെന്ന് അറിയില്ലെങ്കിലും, എന്തല്ല എന്ന് നമുക്കറിയാം. അതുകൊണ്ട്, ഒരു പെട്ടിയിൽ നിന്ന് ഒരു ചോക്കു മാത്രം എടുത്താൽ കൃത്യമായ ഒരു വിവരം കിട്ടുക, മിശ്രിതം എന്നെഴുതിയ പെട്ടിയിൽ നിന്നായിരിക്കും. കാരണം അതിലുണ്ടാവുക, മിശ്രിതമായിരിക്കില്ല, തിരിഞ്ഞിട്ട വെള്ള ചോക്കോ കളർ ചോക്കോ ആയിരിക്കും.  അങ്ങനെ അതിലെ ലേബൽ ശരിയായി ഒട്ടിക്കാൻ കഴിയും.

എല്ലാ ലേബലുകളും തെറ്റാണ് എന്ന് പൗലോസ് ചേട്ടൻ ഉറപ്പു വരുത്തിയിട്ടുണ്ടല്ലോ. അതു കൊണ്ട്, ഇപ്പോൾ ഇളക്കിയെടുത്ത മിശ്രിതം എന്ന ലേബൽ, നമ്മളിതുവരെ തൊടാത്ത പെട്ടിയിൽ ഒട്ടിക്കണം. അല്ലെങ്കിൽ ആ പെട്ടിയിലെ ലേബൽ ശരിയായിരുന്നു എന്നു വരുമല്ലോ. ഇനി ഒരു പെട്ടിയും ഒരു ലേബലുമല്ലേയുള്ളൂ. എല്ലാം ഓക്കെ ആയില്ലേ?

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: