മിടുക്കന്മാരായ മൂന്നു കുട്ടികളെ ടീച്ചർ വരിയായി നിർത്തി. പിന്നെ ടീച്ചർ മൂന്ന് ചുവപ്പ് തൊപ്പിയും രണ്ട് കറുപ്പ് തൊപ്പിയും എടുത്ത് അവരെ കാണിച്ചു. മുന്നിൽ മുന്നൻ, പിന്നിൽ പിന്നൻ, നടുവിൽ നടുവനും. അവരോട്, തിരിഞ്ഞു നോക്കരുത് എന്നു പറഞ്ഞു. മൂന്നാളുടെ തലയിലും ഓരോ തൊപ്പി വെച്ച് കൊടുത്തു. ബാക്കി രണ്ടണ്ണം ആരും കാണാതെ മാറ്റി വെച്ചു. പിന്നെ, ടീച്ചർ പിന്നനോട് ചോദിച്ചു. “നിന്റെ തലയിലെ തൊപ്പിയുടെ നിറമെന്താ?” ചുഴിഞ്ഞാലോചിച്ചിട്ട് പിന്നൻ പറഞ്ഞ ഉത്തരം തന്നെ പിന്നീട് തന്റെ ഊഴം വന്നപ്പോൾ നടുവനും പറഞ്ഞു. “അറിയില്ല’ . പക്ഷേ മുന്നൻ ഉത്തരം പറഞ്ഞു. അത് ശരിയുമായിരുന്നു. എന്തായിരുന്നു ആ ഉത്തരം? എന്തുകൊണ്ട്?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: നിധി റോസ്, സുധീഷ് കെ, സജി എം, ഭദ്ര ആർ.എസ്., സജി എം, അർച്ചന സന്തോഷ്, ഗോകുൽ ഉദയൻ

 

ചുവപ്പ്. മുന്നന്റെ തലയിലെ തൊപ്പി കാണാവുന്ന നടുവനും, മുന്നന്റേയും നടുവന്റേയും തൊപ്പി കാണാവുന്ന പിന്നനും പറയാൻ കഴിയാത്ത ഉത്തരം മുന്നന് എങ്ങനെ പറയാനാകും? നടുവനും പിന്നനും കിട്ടാത്ത എന്തോ വിവരം മുന്നന് കിട്ടിയിരിക്കണമല്ലോ. നടുവനും പിന്നനും പറഞ്ഞ ഉത്തരങ്ങളല്ലാതെ മറ്റെന്താകാനാണത്? തുടക്കം മുതൽ ആലോചിച്ചു നോക്കാം നമുക്ക്. ആകെ രണ്ട് കറുപ്പ് തൊപ്പികളാണല്ലോ ഉള്ളത്. മുന്നന്റേയും നടുവന്റേയും തലയിൽ കറുപ്പു തൊപ്പികളാണ് കണ്ടതെങ്കിൽ തന്റെ തലയിലുള്ളത് ചുവപ്പ് തൊപ്പിയാണെന്ന് പിന്നന് പറയാനാകുമായിരുന്നു. പിന്നൻ “അറിയില്ല” എന്ന് പറഞ്ഞതിൽ നിന്ന് തങ്ങളിൽ ഒരാളുടെയെങ്കിലും തലയിൽ ചുവപ്പു തൊപ്പിയുണ്ട് എന്ന് മുന്നനും നടുവനും മനസിലാക്കാൻ കഴിയും. മുന്നന്റെ തലയിൽ ചുവപ്പു തൊപ്പിയല്ല കാണുന്നതെങ്കിൽ തന്റെ തലയിലുള്ള തൊപ്പി ചുവപ്പാണെന്ന് നടുവൻ ഉറപ്പിച്ചേനെ. അപ്പോൾ നടുവനും “അറിയില്ല” എന്നു പറഞ്ഞതിൽ നിന്ന് മുന്നന് തന്റെ തലയിലുള്ളത് ചുവപ്പു തൊപ്പിയാണെന്ന് മനസിലാക്കാമല്ലോ

Leave a Reply