മത്തൻ

 

പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു പച്ചക്കറിയിനമാണ്മത്തൻ അഥവാ മത്തങ്ങ.(ശാസ്ത്രീയനാമം: Cucurbita maxima ). ജീവകം എ കൂടുതലായി അടങ്ങിയതും വെള്ളരിവർഗ്ഗത്തിൽ പെട്ടതുമായ ഒരു പച്ചക്കറിയാണ്‌. വലിപ്പത്തിലും രൂപത്തിലും സ്വാദിലും വ്യത്യസ്തതയുള്ള വളരെയധികം മത്തൻ ഇനങ്ങൾ ഉണ്ട്. നാടൻ ഇനങ്ങൾ മുതൽ കാർഷിക ഗവേഷണഫലമായി അത്യുത്പാദനശേഷിയുള്ള മികച്ച വിത്തിനങ്ങൾ വരെയുണ്ട്. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച് വയ്ക്കാൻ കഴിയും എന്നുള്ളതാണ്‌ മത്തൻറെ പ്രത്യേകതയായിട്ടുള്ളത്. ചെടിയിൽ ഉണ്ടാവുന്ന കായ മത്തൻ കായ അഥവാ മത്തങ്ങ എന്നറിയപ്പെടുന്നു. ഇത് പല വലിപ്പത്തിലും രുചിയിലും ഉണ്ട്. ഇതിന്റെ തളിരില കറി വയ്ക്കാൻ വളരെ നല്ലതാണ്.

മത്തൻ കൃഷിചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം നല്ലതുപോലെ കിളച്ച്, കളകൾ മാറ്റി തീയിട്ടതിനുശേഷം മഴക്കാലത്ത് കൂന കൂട്ടിയും വേനൽക്കാലത്ത് തടം എടുത്തുമാണ്‌ കൃഷിചെയ്യുന്നത്. രണ്ട് മീറ്റർ ഇടയകലം നൽകി വരികൾ തമ്മിൽ നാലര മീറ്റർ അകലത്തിൽ നിർമ്മിക്കുന്ന തടങ്ങളിൽ വിത്തുകൾ നടാം. കുഴികളിൽ പച്ചിലവളമോ ചാണകമോ മേൽമണ്ണുമായി കലർത്തി ഒരു തടത്തിൽ നാലോ അഞ്ചോ വിത്തുകൾ നടാൻ സാധിക്കും. വിത്ത് മുളച്ചുവന്നതിനുശേഷം ബലമുള്ള രണ്ടോ മൂന്നോ തൈകൾ ഒഴികെ ബാക്കിയുള്ളവ പിഴുതുമാറ്റണം. വേനൽക്കാലത്ത് തടങ്ങളിൽ തണലിനായും ഈർപ്പം നിലനിർത്തുന്നതിനുമായും പുതയിടേണ്ടതാണ്‌.

ഈ വിധത്തിലല്ലാതെ മണ്ണും മണലും ചാണകവുമായി കൂട്ടിക്കലർത്തി പോളിത്തീൻ കവറുകളിലും വിത്തുകൾ നടാം. ഇങ്ങനെ നടുന്ന വിത്തുകൾ മുളച്ച് രണ്ടില പരുവമാകുമ്പോൾ കവർ പൊട്ടിച്ച് വേര്‌ പൊട്ടാതെ ഉണ്ടാക്കപ്പെട്ടിട്ടുള്ള തടങ്ങളിലേക്ക് മാറ്റി നടാവുന്നതാണ്‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: