പാവൽ- കൈപ്പയ്ക്ക

ഉഷ്ണ, മിത-ശീതോഷ്ണ മേഖലകളിൽ വളരുന്നതും വെള്ളരി വർഗ്ഗത്തിലുള്ളതും, ഭക്ഷ്യയോഗ്യമായ അതിന്റെ ഫലത്തിനായി ഏഷ്യ, ആഫ്രിക്ക, കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങിൽ സമൃദ്ധമായി കൃഷിചെയ്യുന്നതുമായ ഒരു വള്ളിച്ചെടിയാണ് പാവൽ. പാവയ്ക്ക എന്ന് അറിയപ്പെടുന്ന ഇതിന്റെ ഫലം കയ്പ്പ് രസമുള്ളതുമാണ്. ആയതിനാൽ ഇത് കയ്പക്ക എന്ന പേരിലും അറിയപ്പെടുന്നു. ആകൃതി, വലിപ്പം, കയ്പ് രുചി എന്നിവയുടെ കാര്യത്തിൽ വളരെയധികം വ്യത്യസ്തത പുലർത്തുന്ന അനവധി ഇനങ്ങൾ പാവലിനുണ്ട്. ഏഷ്യൻ ഭാഷകളിൽ നിന്ന് കടമെടുത്ത പേരുകളിൽ ലോകവ്യാപകമായി ഇവ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ bitter melon, bitter gourd, bitter squash, balsam-pearഎന്നീ പേരുകളിലും ഹിന്ദിയിൽ करेला (കരേല – ഏകവചനം, കരേലൈ ബഹുവചനം) എന്നും തമിഴിൽ பாகல் (പാക്കൽ), பாகற்காய் (പാക്കർകായ്) എന്നീ പേരുകളിലുമാണ് അറിയപ്പെടുന്നത്.

പാവയ്ക്കയുടെ ഉത്ഭവം ഇന്ത്യയിലാണ്. 14-ആം നൂറ്റാണ്ടിൽ ചൈനയിൽ എത്തപ്പെട്ടു. ഭക്ഷ്യവിഭവം എന്ന നിലയിൽ കിഴക്കൻ ഏഷ്യ, തെക്കൻ ഏഷ്യ, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ഏകദേശം അഞ്ചു മീറ്റർ വരെ നീളമുള്ള വള്ളിച്ചെടിയാണ് പാവൽ അല്ലെങ്കിൽ കൈപ്പ. (ശാസ്ത്രീയനാമം: Momordica charantia). ചെടിയുടെ തണ്ടിന്റെ ഇരുവശത്തുമായി കൈപ്പത്തിയുടെ രൂപത്തിലുള്ള ഇലകളുണ്ടാകുന്നു. ഇലകളുടെ അഗ്രഭാഗം മൂന്നു മുതൽ ഏഴ് വരെ ഖണ്ഡങ്ങളായി വേർപെട്ട് കാണപ്പെടുന്നു. ഇലകൾക്ക് 4 മുതൽ 12 സെന്റീ മീറ്റർ വരെ വീതിയണ്ടാകും. ആൺ പൂവും പെൺ പൂവും വെവ്വേറെ കാണുന്നു. പൂക്കൾക്ക് മഞ്ഞനിറവും, കായ്കളുടെ ഉപരിതലം മുള്ളുകൾ പോലെയുള്ളതുമാണ്. ഈ ഭാഗമാണ് ഭക്ഷിക്കുവാൻ ഉപയോഗിക്കുന്നത്. കായ്കളുടെ ഉൾഭാഗം പഞ്ഞി പോലെ കാണപ്പെടുന്നു. ഇതിനുള്ളിൽ പരന്ന വിത്തുകൾ കാണപ്പെടുന്നു. പഴുത്ത ഫലത്തിന്റെ ഉൾവശത്തിന് ചുവപ്പ് നിറമായിരിക്കും.

കാരവേല്ലം എന്നറിയപ്പെടുന്ന ഇനം കയ്പ്പയ്ക്കയ്ക്ക് വെള്ളരിക്കയുടെ ആകൃതിയും, കുറഞ്ഞ കയ്പുമാണുള്ളത്. കാരവല്ലി എന്നറിയപ്പെടുന്നതിന് കൂടുതൽ കയ്പ്പും, രൂപം ഉരുണ്ടോ അണ്ഡാകൃതിയോ ആയിരിക്കും. കാരവല്ലിയെ കാട്ടുപാവൽ എന്നും വിശേഷിപ്പിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: