പഴങ്ങളുടെയും പച്ചക്കറികളുടെയും വര്‍ഷം-2021

2021 അന്താരാഷ്ട്ര പഴം -പച്ചക്കറി വര്‍ഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടനയും ലോക ഭക്ഷ്യസംഘടനയും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പ്രചാരം നല്‍കുക, ഭക്ഷണത്തിൽ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു പകരുക- ഇവയാണ് ഈ വര്‍ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

ലോക്ഡൗണ്‍ കാലത്ത് നിങ്ങളില്‍ പലരും പച്ചക്കറികൾ കൃഷിചെയ്തിരിക്കാം. നല്ല കാര്യം! അതു തുടര്‍ന്നോളൂ.അതോടൊപ്പം പലതരം പഴച്ചെടികൾ കൂടി വച്ചുപിടിപ്പിച്ചാലോ…? എന്താ കാര്യം എന്നല്ലേ? പറയാം. 2021 അന്താരാഷ്ട പഴം-പച്ചക്കറി വർഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടന തീരുമാനിച്ചിരിക്കുന്നുവെന്നതാണ് ഒരു കാരണം. അതെന്താ അങ്ങനെയൊരു തീരുമാനം? പച്ചക്കറികളും പഴങ്ങളും കഴിച്ചില്ലെങ്കിലെന്താ? … എന്നൊക്കെയല്ലേ ഇനി ചോദിക്കാൻ പോകുന്നത്? ശ്രദ്ധിച്ചു കേട്ടോളൂ. നമ്മുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും ആവ
ശ്യമായ പോഷകങ്ങളുടെ കലവറയാണ് പഴങ്ങളും പച്ചക്കറികളും.

പഴങ്ങളും പച്ചക്കറികളും ധാരാളം അടങ്ങിയ ആഹാരക്രമം പാലിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നമ്മെത്തേടിയെത്തും. ഒരു കാര്യം ചോദിച്ചോട്ടെ. നിങ്ങള്‍ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളുമൊക്കെ എത്രത്തോളം ഉൾപ്പെടുത്തുന്നുണ്ട് ? ഓർത്തുനോക്കണേ.നോക്കൂ, ലോക ജനസംഖ്യയുടെ 8.9 ശതമാനം ജനങ്ങളും അതായത്, ഏതാണ്ട് 69 കോടി ജനങ്ങളും, രാത്രി
ഭക്ഷണം കിട്ടാതെയാണ് ഉറങ്ങാന്‍ പോവുന്നത്! വിശപ്പുമാറ്റാന്‍ പോലും കഴിയാത്തവര്‍‌ക്ക് എവിടെ നിന്നാണ് പോഷകസമൃദ്ധമായ ഭക്ഷണം കിട്ടുക,അല്ലേ? പോഷകദാരിദ്ര്യം കൊണ്ടുണ്ടാകുന്ന
ആരോഗ്യ പ്രശ്നങ്ങള്‍ പല രാജ്യങ്ങളിലും കൂടിക്കൂടിവരുന്നുവെന്ന വാർത്ത ആശങ്ക ഉളവാക്കുന്നതാണ്. ഒരു വര്‍ഷം 3.1 ദശലക്ഷം കുട്ടികളാണ് ലോകത്ത് പോഷകാഹാരക്കുറവുമൂലം മരിക്കുന്നത്.

ഈ കുറവ് പരിഹരിക്കുന്നതിന് എന്താണ് മാര്‍ഗം? കൂടുതല്‍ പച്ചക്കറികളും പഴങ്ങളും ഉല്‍പാദിപ്പിക്കുകയും അവ എല്ലാവര്‍ക്കും ലഭിച്ചുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക
എന്നത് തന്നെ.പഴം-പച്ചക്കറി വർഷാചരണം ലക്ഷ്യമിടുന്നതും അതുതന്നെ. പഴങ്ങളുടെയും പച്ചക്കറികളുടെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക, അവയുടെ കൃഷി പ്രോത്സാഹിപ്പിക്കുക, ലാഭകരമായി കൃഷി ചെയ്യുന്നതിനു വേണ്ട സഹായം നല്‍കുക എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്താലേ നമുക്ക് ഈ ലക്ഷ്യത്തിലെത്താന്‍ കഴിയൂ.
ഇക്കാര്യങ്ങള്‍ ചെയ്യാന്‍ ലോകമെമ്പാടുമുള്ള ജനങ്ങളെ പ്രേരിപ്പിക്കുന്നതിനാണ് ഈ അന്താരാഷ്ട്ര വര്‍ഷാചരണം.

കോവിഡ് വന്നതോടെ നമ്മുടെ കൃഷിക്കാരുടെ കാര്യങ്ങള്‍ ആകെ കഷ്ടത്തിലായിരിക്കുകയാണെന്നറിയാമല്ലോ. മഹാമാരി അനിയന്ത്രിതമായി തുടര്‍ന്നാല്‍ ലോകത്തെല്ലാവര്‍ക്കും ഭക്ഷണം കിട്ടുമോ എന്ന കാര്യത്തില്‍ പോലുംസംശയമുണ്ട്. അതുകൊണ്ടുതന്നെ നമുക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ പറ്റാവുന്നിടത്തോളം നമുക്കുതന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിയണം. ഇത്രത്തോളം കേമമാണ് പഴങ്ങളും പച്ചക്കറികളുമെങ്കില്‍ അവയെ ഓരോന്നോരോന്നായി നമുക്ക് പരിചയപ്പെടാം.

ഇനി ഇവയുടെ പോഷകഗുണങ്ങളെക്കുറിച്ച് പറയാം. കണ്ണിന്റെയും ത്വക്കിന്റെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് വിറ്റാമിൻഎ. മഞ്ഞനിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിനാണ് വിറ്റാമിന്‍എ ആയി മാറുന്നത്. പുളിരസമുള്ള പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിന്‍ സി (അസ്കോര്‍ബിക് ആസിഡ് ) ധാരാളം അടങ്ങിയിരി
ക്കുന്നു. ഇവ രോഗപ്രതിരോധശേഷി നല്‍കുന്നതിനൊപ്പം മോണയുടെ ആരോഗ്യവും കാത്തുസൂക്ഷിക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന
ഗ്ലൂക്കോസ്. പെട്ടെന്ന് ഊര്‍ജം ലഭിക്കുന്നതിന് ഇവ കാരണമാകുന്നു. കളികള്‍ക്കു ശേഷം ഒരു ഗ്ലാസ് പഴച്ചാറോ പലതരത്തിലുള്ള കുറച്ച് പഴങ്ങളോ കുട്ടികള്‍ കഴിക്കുന്നത് ഉണര്‍വും ഉന്മേ
ഷവും പോഷകഗുണവും ലഭിക്കുവാന്‍ സഹായിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിന് അത്യന്താപേക്ഷിതമാണ്.
നാരുകൾ മലബന്ധം തടഞ്ഞ് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഉപകാരികളായ സൂക്ഷ്മജീവികളുടെ വളര്‍ച്ചയെയും സഹായിക്കും. ഇതുമൂലം ദഹനവ്യവസ്ഥ
യുടെ ആരോഗ്യം നിലനില്ക്കുകയും ചെയ്യുന്നു. ജീവിതശൈലീരോഗങ്ങളായ പ്രമേഹം, പൊണ്ണത്തടി എന്നിവയുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും നാരുള്ള ഭക്ഷണങ്ങള്‍ കൂടിയേ തീരൂ. നാരുകള്‍ ഊര്‍ജത്തിന്റെ ആഗിരണം സാവധാനത്തിലാക്കുന്നതിനാല്‍ പെട്ടെന്നുള്ള വിശപ്പ് ഒഴിവാക്കാന്‍ സാധിക്കും. മാത്രമല്ല, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സാധിക്കുന്നു. നാരുകള്‍ ജലാംശം ആഗിരണം ചെയ്ത്‌ വീര്‍ക്കുന്നതിനാല്‍ വയറുനിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നു. ഇങ്ങനെ ഇവ അമിതവിശപ്പ് ഇല്ലാതാക്കി പൊണ്ണത്തടി നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അമിതഭാരം അല്ലെങ്കില്‍ പൊണ്ണത്തടി മറ്റ് ജീവിതശൈലീരോഗങ്ങളിലേക്കുള്ള ചവിട്ടുപടിയായാണ് കണക്കാക്കുന്നത്.

ഇനി അറിയേണ്ടത് നമ്മുടെ ഒരു ദിവസത്തെ ഭക്ഷണത്തളികയില്‍ എത്രത്തോളം പഴങ്ങളും പച്ചക്കറികളും ഉണ്ടായിരിക്കണം എന്നല്ലേ? ഐ.സി.എം.ആറിന്റെ കീഴിലുള്ള നാഷനല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ ‘എന്റെ ഭക്ഷണത്തളിക’ എന്ന ആശയപ്രകാരം ഒരു ദിവസം നമ്മള്‍ 350ഗ്രാം പച്ചക്കറികളും 150 ഗ്രാം പഴങ്ങളും കഴിച്ചിരിക്കണം. പച്ചക്കറികളില്‍ നിര്‍ബന്ധമായും 100 ഗ്രാം ഇലക്കറികള്‍ ഉള്‍പ്പെടുത്തിയിരിക്കണം. ചീര, മുരിങ്ങയില, തഴുതാമ, കൊഴുപ്പയില, ചെക്കുര്‍മാനിസ്, സൗഹൃദചീര, മത്തനില, ചായമന്‍സ, സാമ്പാര്‍ചീര എന്നിങ്ങനെ ധാരാളം ഇലക്കറികള്‍ ഉണ്ട്. ഇവയോടൊപ്പം കിഴങ്ങുവര്‍ഗവിളകളായ ഉരുളക്കിഴങ്ങ്, കപ്പ, ചേന, ചേമ്പ്, കാച്ചില്‍, മുള്ളങ്കി, ബീറ്റ്‌റൂട്ട് എന്നിവയും മറ്റ് പച്ചക്കറി ഇനങ്ങളിൽപ്പെട്ട തക്കാളി, പയര്‍,ബീന്‍സ്, വെണ്ടക്ക, വഴുതനങ്ങ, പാവക്ക, പടവലങ്ങ, വെള്ളരി മുതലായവയും ഉപയോഗിക്കണം.

അപ്പോൾ നമ്മൾ ഇനി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? പ്രാദേശികമായി ലഭിക്കുന്ന വിളകള്‍ക്ക് പ്രാധാന്യം ഏറെ നല്‍കേണ്ടതുണ്ട്. ഭക്ഷണത്തളികയിൽ മഴവില്ല് വിരിയി
ക്കാൻ വീടിനോട് ചേര്‍ന്നുള്ള തോട്ടങ്ങളില്‍ പൂച്ചെടികള്‍ക്കൊപ്പം തന്നെ ഫലവര്‍ഗവിളകള്‍ക്കും പച്ചക്കറിവിളകള്‍ക്കും പ്രത്യേക സ്ഥാനം നല്‍കാം. ഭക്ഷണവിഭവങ്ങളിൽ വൈവിധ്യ
ങ്ങള്‍ വരുത്താനും ശ്രദ്ധിക്കണേ. ഇനി നമ്മുടെ തോട്ടത്തിൽ പച്ചക്കറികൾക്കൊപ്പം ഫലവൃക്ഷത്തൈകളും! അന്താരാഷ്ട്ര പഴം-പച്ചക്കറിവർഷം കീ ജയ്!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: