നായ്ക്കളെ ഓടിക്കാൻ നീലക്കുപ്പിവെച്ചിട്ട് കാര്യമുണ്ടോ ?

ഡോ. സ്വരൺ പി.രാമചന്ദ്രൻ

അസോ. പ്രൊഫസർ

സുവോളജി വിഭാഗം, ഗവ. കോളേജ് പയ്യന്നൂർ

[email protected]

9447293398

കണ്ണിന്റെ പിൻഭാഗത്ത് കാഴ്ചകൾ തെളിയുന്ന ഒരു സ്ക്രീൻ ഉണ്ട്. റെറ്റിന എന്നാണ് പേര്. അതിൽ രണ്ടു തരം കോശങ്ങളുമുണ്ട് – റോഡ് കോശങ്ങളും കോൺകോശങ്ങളും. രാത്രി കാഴ്ചക്ക് റോഡ് കോശങ്ങൾ സഹായിക്കുമ്പോൾ പകൽക്കാഴ്ച്ചക്കും നിറങ്ങൾ തിരിച്ചറിയാനും സഹായിക്കുന്നത് കോൺ കോശങ്ങളാണ്. നമുക്കുള്ളതിനെക്കാൾ വളരെക്കുറച്ച് കോൺകോശങ്ങളേ നായ്ക്കൾക്കുള്ളൂ. റോഡ് കോശങ്ങളാവട്ടെ വളരെക്കൂടുതലും. 

നായ്ക്കൾക്ക് നിറങ്ങളൊന്നും കാണില്ല എന്നായിരുന്നു ഏറെക്കാലം നമ്മുടെ ധാരണ. അത് ശരിയല്ലെന്ന് പിന്നീട് മനസ്സിലാക്കി. നമ്മൾ പ്രാഥമിക നിറങ്ങളായ ചുവപ്പ്, നീല, പച്ച എന്നിവ തിരിച്ചറിയുമ്പോൾ, നായ്ക്കൾക്ക് നീല, മഞ്ഞ എന്നീ നിറങ്ങൾ മാത്രമേ കാണൂ എന്നു മാത്രം. അതായത് നല്ല പച്ച പുൽത്തകിടി നായ്ക്കളുടെ കണ്ണിൽ മഞ്ഞകലർന്ന ‘ഉണക്കപ്പുല്ലുകളാവും. നമ്മൾ കൊടുക്കുന്ന ചുവന്ന കളിപ്പാട്ടം അതിന് നീലയാവാം.

പക്ഷെ രാത്രിയായാൽ കഥ മാറും. നമ്മുടെ കണ്ണിനെക്കാൾ മികച്ച കാഴ്ച അതിനുണ്ട്. പോരാതെ നമ്മുടെ കണ്ണിലില്ലാത്ത ഒരു കണ്ണാടിയും അതിനുണ്ട്.

റെറ്റിനയുടെ തൊട്ടു പിന്നിൽ പ്രകാശം പ്രതിഫലി പ്പിക്കുന്ന ഈ കണ്ണാടിക്ക് ടപ്പീറ്റം ലൂസിഡം (Tapetum lucidum) എന്നാണ് പേര്. രാത്രി പൂച്ചയുടെയും നായ്ക്കളുടെയും കണ്ണുകൾ തിളങ്ങുന്നത് ഈ കണ്ണാടി പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതു കൊണ്ടാണ്.

മനുഷ്യർ 21 മീറ്റർ ദൂരെനിന്നാലും വ്യക്തമായി കാണുന്ന വസ്തുവിനെ നായ്ക്കൾക്ക് 6 മീറ്റർ അകലെ നിന്നാലേ വ്യക്തമായി കാണാനാവൂ. പക്ഷേ, ചെറിയ അനക്കങ്ങൾ പോലും വളരെ നന്നായി തിരിച്ചറിയാനാവും. മികച്ച ചെവിയും മൂക്കും അതിന് സഹായിക്കുകയും ചെയ്യും.

അപ്പോൾ നമ്മുടെ പ്രധാന ചോദ്യത്തിലേക്ക് വരാം.

നായ്ക്കൾക്ക് നീലനിറം തിരിച്ചറിയാനാവും എന്ന് കൂട്ടുകാർക്ക് മനസ്സിലായല്ലോ? എന്നാൽ അത് നായ്ക്കളെ അകറ്റി നിർത്തുമെന്നതിന് ശാസ്ത്രീയ മായ വിശദീകരണം ലഭ്യമല്ല. ഉത്തരമറിയാത്ത ചോദ്യങ്ങളിൽ നിന്നാണ് ശാസ്ത്രം തുടങ്ങേണ്ടത്. കൂട്ടുകാർക്കും ഉത്തരം കണ്ടെത്താൻ സഹായിക്കാനാവും.  കാലിക്കുപ്പിയും, മറ്റ് നിറങ്ങളുള്ള വെള്ളം നിറച്ച കുപ്പിയും, പച്ചവെള്ളം നിറച്ച കുപ്പിയുമൊക്കെ വെച്ച് ഒരു കൈ നോക്കിയാലോ?

നിങ്ങളുടെ നിഗമനം എന്താണ് ? താഴെ യുറീക്ക ബോക്സിൽ എഴുതൂ…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: