വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ് തണ്ണിമത്തൻ . കേരളത്തിൽ കാസർഗോഡ് ജില്ലയിൽ തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിൽ ഇവ പരിമിതമായെ കൃഷിചെയ്യുന്നതായി കാണാറുള്ളു. മലബർ ഭാഗങ്ങളിൽ വത്തക്ക എന്നറിയപ്പെടുന്ന തണ്ണിമത്തൻ വേനൽക്കാലത്തിന്റെ ആരംഭത്തോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടുന്നു. ചെങ്കുമ്മട്ടി, കുമ്മട്ടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. വെള്ളരി വർഗ്ഗ വിളയായ തണ്ണിമത്തന്റെ ജന്മ ദേശം ആഫ്രിക്കയാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം തന്നെ ഈ വിള വ്യാപകമായി കൃഷി ചെയ്തു വരുന്നു. വിളഞ്ഞ തണ്ണിമത്തന്റെ ഉള്ളിലുള്ള മാംസളമായ ഭാഗമാണ് ഭക്ഷണമായി ഉപയോഗിക്കുന്നത്. മറ്റു വെള്ളരി വർഗ്ഗ വിളകളെ അപേക്ഷിച്ച് തണ്ണിമത്തനിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്. തണ്ണിമത്തന്റെ നീര് (juice) നല്ലൊരു ദാഹശമനി കൂടിയാണ്.
അന്തരീക്ഷത്തിലെ ഈർപ്പവും; മഴയും കുറഞ്ഞ രീതിയിലുള്ള വരണ്ട കാലാവസ്ഥയുമാണ് തണ്ണിമത്തന്റെ കൃഷിക്ക് അനുകൂല ഘടകങ്ങൾ. കേരളത്തിൽ ഡിസംബർ മുതൽ മാർച്ചുവരെയുള്ള സമയമാണ് കൃഷിക്ക് അനുയോജ്യം. കായ്ക്കുന്ന സമയത്ത് കിട്ടുന്ന മഴ തണ്ണിമത്തന്റെ ഗുണവും മധുരവും കുറയ്ക്കാൻ ഇടയാക്കുന്ന ഘടകങ്ങളാണ്.