ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ് മൊട്ടക്കൂസ് അല്ലെങ്കിൽ കാബേജ്. വളരെയധികം പ്രചാരത്തിൽ ഉള്ള പച്ചക്കറിയാണിത്. ചെറിയ ഒരു തണ്ടിനുമുകളിലായി ഇലകൾ ഗോളാകൃതിയിൽ അടഞ്ഞ് ഇരിക്കുന്നതാണ് കാബേജിന്റെ രൂപം. പച്ച നിറമാണ് കാബേജിന്. എന്നാൽ ചുവപ്പും പർപ്പിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട്.
മെഡിറ്ററേനിയൻ മേഖലകളിൽ കടൽത്തീരത്ത് കാണപ്പെടുന്ന കാട്ട് കടുക് എന്ന ചെടിയിൽ നിന്നാണ് ഇന്ന് കൃഷി ചെയ്യപ്പെടുന്ന കാജേബ് ഉണ്ടായിട്ടുള്ളത്. കടൽ കാബേജ് എന്നും കാട്ട് കാബേജ് എന്നും ഈ ചെടിയെ വിളിക്കാറുണ്ട്. പുരാതന ഗ്രീക്കുകാർക്കും റോമന്മാർക്കും ഈ ചെടിയെപ്പറ്റി അറിയാമായിരുന്നു. കാറ്റോ ദ എൾഡർ എന്ന റോമൻ സ്റ്റേറ്റ്സ്മാൻ, മറ്റ് പഴവർഗ്ഗങ്ങളേക്കാൾ ഔഷധമൂല്യം കാബേജിനാണെന്ന് പണ്ട് തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട് . നോർമൻ – പിക്കാർഡ് ഭാഷയിലെ തല എന്നർത്ഥമുള്ള കബൊചെ എന്ന വാക്കിൽ നിന്നോ വീക്കം എന്നർത്ഥമുള്ള ബോച്ചെ എന്ന വാക്കിൽ നിന്നോ ആണ് കാബേജിന്റെ ഇംഗ്ലീഷ് നാമം ഉണ്ടായിട്ടുള്ളത്.
ശീതകാല പച്ചക്കറിയായ ഇതിന്റെ വിത്തുകൾ പാകി തൈകളാണ് നടുന്നത്. ഒക്ടോബർ ആദ്യവാരം തൈകൾ തവാരണകളിൽ പാകി മുളപ്പിച്ച് നവംബർ ആദ്യവാരത്തോടുകൂടി കൃഷി ആരംഭിക്കുന്നു. ഇതിന്റെ വിത്ത് കടുകുമണിയോളം ചെറുതായതിനാൽ പാകുന്ന സ്ഥലം മഴമൂലം ഉണ്ടാകുന്ന മണ്ണൊലിപ്പിൽ നിന്നും രക്ഷിക്കുന്നതിനായി പുതയിടുകയോ ചുറ്റും പട്ട കൊണ്ട് മറയ്ക്കുകയോ ചെയ്യാവുന്നതാണ്. കൂടാതെ പരന്ന ചട്ടികളിലോ പ്ലാസ്റ്റിക് ട്രേ കളിലോ തൈകൾ നടാവുന്നതുമാണ്. മണൽ, മേൽമണ്ണ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ 1:1:1: എന്ന അനുപാതത്തിൽ എടുത്ത മിശ്രിതത്തിലായിരിക്കണം വിത്തുകൾ പാകേണ്ടത്. പാകുന്നതിനു മുൻപായി ഫൈറ്റൊലാൻ, കോപ്പർ ഓക്സിക്ലോറൈഡ് എന്നീ കുമിൾനാശിനികളിൽ ഏതെങ്കിലും ഒരെണ്ണവും സ്യൂഡോമോണാസ് 20ഗ്രാം 1 ഇറ്റർ വെള്ളത്തിൽ കലക്കിയത് എന്നിവ ചേർത്ത് തടം കുതിർക്കുന്നത് കീടങ്ങളുടെ ആക്രമണത്തെ തടയുന്നതിനുപകരിക്കും.